വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ

ബെംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് റിപ്പോർട്ടർ ടിവിക്ക് പതിനായിരം രൂപയാണ് പിഴയിട്ടത്. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്നതടക്കമുള്ള നിരീക്ഷണങ്ങൾ പങ്കുവച്ചുകൊണ്ടാണ് കോടതി, റിപ്പോർട്ടർ ടിവിക്ക് പിഴയിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വാർത്തകൾ നീക്കിയിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും കോടതി ഉത്തരവിട്ടു.
റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരായി മാധ്യമങ്ങളിലും വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും വന്ന വാർത്തകൾ നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു റിപ്പോർട്ടർ ടിവി ബെംഗളൂരു കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഹര്‍ജി നല്‍കിയത്.
അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ നൽകിയ 900 ലേറെയുള്ള വാർത്താലിങ്കുകൾ നീക്കം ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആദ്യഘട്ടത്തിൽ എതിർ കക്ഷികളെ കേൾക്കാതെ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് അടക്കമുള്ള കേസുകളുടെ ഉള്ളടക്കം നീക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടു. കേസിലെ എതിർ കക്ഷികളായ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ കേൾക്കാതെയായിരുന്നു ഈ ഉത്തരവ്.
എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഹര്‍ജിയിലൂടെ റിപ്പോർട്ടർ ടിവി ചെയ്യുന്നതെന്ന് വസ്തുതകളും രേഖകളും ഹാജരാക്കി ഏഷ്യാനെറ്റ് ന്യൂസ് കോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകി. മുട്ടിൽ കേസിൽ ചാനൽ ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കിയ എഫ്ഐആർ, നിയമസഭയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേസ് എടുത്തതിൽ നൽകിയ മറുപടി, അടക്കം വിവിധ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിലൂടെ കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല കോടതി ഉത്തരവിനെ തെറ്റായി വ്യഖ്യാനിച്ച് ഏഷ്യനെറ്റ് ന്യൂസിനെ വിമർശിച്ചെന്ന രീതിയിൽ കേരളത്തിൽ നൽകിയ വാർത്തകളുടെ വിവരങ്ങളും ഹാജരാക്കിയിരുന്നു.
പിന്നാലെ കേസ് പിൻവലിക്കാൻ അനുമതി തേടി റിപ്പോർട്ടർ ടിവി കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ കോടതിയുടെ സമയം നഷ്ടമാക്കുകയും നിയമനടപടികളെ ദുരുപയോഗം ചെയ്തതിലും ഹർജിക്കാരന് പിഴയിടണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് 10,000 രൂപ പിഴയിട്ട് ഹർജി പിൻവലിക്കാൻ ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി അനുമതി നൽകിയത്. നേരത്തെ കോടതി നീക്കാൻ നിർദ്ദേശിച്ച, അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരായ എല്ലാ വാർത്തകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ലിങ്കുകളും പുനസ്ഥാപിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.