കര്‍ണാടകയില്‍ പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാന്‍ ശ്രമം; പ്രദേശവാസികളുടെ ഇടപെടലിലൂടെ രക്ഷ

കര്‍ണാടകയില്‍ സാമ്പത്തിക നേട്ടത്തിനായി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശവാസികളുടെ സമയബന്ധിതമായ ഇടപെടലിലൂടെ കുഞ്ഞിനെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

ബംഗളൂരു ഹൊസക്കോട്ടെ താലൂക്കിലെ സുളിബല്ലെ ഗ്രാമത്തിലെ ജനത കോളനിയില്‍ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. പൗര്‍ണമി നാളായ ഇന്നലെ ബലി നടത്താനായിരുന്നു പദ്ധതി. ഇതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പണം നല്‍കി വാങ്ങിയതായാണ് പ്രാഥമിക വിവരം.

വീട്ടില്‍ നിന്നുണ്ടായ അസാധാരണമായ നീക്കങ്ങളും കുഞ്ഞിന്റെ നിലവിളിയും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് അവര്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ വീടിനുള്ളില്‍ ബലിത്തറ ഒരുക്കിയിരുന്നതായും, മൃതദേഹം മറവുചെയ്യാനായി കുഴിയെടുത്തിരുന്നതായും കണ്ടെത്തി.

ബലി നടത്തിയ ശേഷം കുഞ്ഞിന്റെ മൃതദേഹം വീട്ടിനുള്ളില്‍ തന്നെ കുഴിച്ചിടാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ എവിടെ നിന്നാണ് വാങ്ങിയതെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സെയ്ദ് ഇമ്രാനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.