തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനല്‍; ഇനി ഫൈനലില്‍ ഗോള്‍ അടിക്കണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനല്‍ മാത്രമാണെന്നും ഇനി ഫൈനലില്‍ ഗോള്‍ അടിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കഠിനാധ്വാനവും ശക്തമായ ഇച്ഛാശക്തിയുമാണ് ലഭിച്ച നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തിന് എതിരല്ലെങ്കിലും, മണ്ണിനെയും മനുഷ്യനെയും പരിഗണിച്ചുള്ള വികസനമാണ് ആവശ്യമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫിന് ലഭിച്ചതെന്നും തുടക്കത്തില്‍ തന്നെ മുന്നേറ്റം സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ ഭംഗിയായി പൂര്‍ത്തിയാക്കിയതായും, അഴിമതിയില്ലാത്ത ഭരണം കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് മുസ്ലിം ലീഗ് കടന്നിരിക്കുകയാണ്. സീറ്റുകളുടെ വിന്യാസത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കോങ്ങാട് മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് നേതൃത്വം അറിയിച്ചതായി ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.