എന്തുവിലകൊടുത്തും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്

എന്തുവിലകൊടുത്തും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനായി ഇതുവരെ കാണാത്ത അടവുനയങ്ങൾക്കാണ് കോൺഗ്രസും യുഡിഎഫും ലക്ഷ്യമിടുന്നത്. എൽഡിഎഫിലെ അസംതൃപ്തരായ ഘടകകക്ഷികളെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട്. തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 85 സീറ്റുകൾ ഉറപ്പായും ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ഇതിൽ കൂടുന്നതല്ലാതെ കുറയില്ലെന്നും അവർ കരുതുന്നു. എങ്കിലും അമിത ആത്മവിശ്വാസം വേണ്ടെന്നാണ് നേതൃത്വം പാർട്ടി ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് തങ്ങളുടെ വാർഡുകളിൽ യുഡിഎഫിന്റെ വോട്ടുയയർത്തിയാൽ പാരിതോഷികം നൽകാനുളള നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട്. വാർഡംഗമായി തിരഞ്ഞെടുക്കപ്പെട്ടയാൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ വാർഡിൽ യുഡിഎഫിന് കുറഞ്ഞത് 100 വോട്ടെങ്കിലും കൂട്ടണമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
അങ്ങനെ ചെയ്യുന്നവർക്ക് പ്രത്യേക പാരിതോഷികം നൽകും. ഒട്ടും ചെറുതല്ലാത്ത സമ്മാനമാകും നൽകുക. എന്നാൽ, സജീവമാകാത്ത മണ്ഡലം ഭാരവാഹികൾ മുതലുള്ളവരെ മാറ്റിനിറുത്തും.അധികാരം പിടിക്കാനുള്ള മാർഗനിർദേശങ്ങൾ സുൽത്താൻബത്തേരിയിൽ നടക്കുന്ന കെപിസിസി ലീഡർഷിപ്പ് സമ്മിറ്റായ ലക്ഷ്യയിൽ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിക്കും. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏറക്കുറെ തീരുമാനമായെന്നും അടുത്തമാസം ആദ്യത്തോടെ ധാരണയാകുമെന്നുമാണ് നേതൃത്വം നൽകുന്ന സൂചന.
സാദ്ധ്യതാപട്ടികയിലുള്ള സ്ഥാനാർത്ഥികളിൽ പലരും ഇതിനകം തന്നെ മണ്ഡലങ്ങളിൽ സജീവമായിട്ടുണ്ട്. പരമാവധി സീറ്റുകൾ ലക്ഷ്യമിട്ട് സെലിബ്രിട്ടികളെയും സ്ഥാനാർത്ഥികളാക്കും.വിവാദങ്ങൾ ഉണ്ടാക്കിയ നേതാക്കളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുപ്പുരംഗത്തുനിന്ന് പൂർണമായും ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അത്തരക്കാരെ ഒരുകാരണവശാലും അടുപ്പിക്കേണ്ടെന്നാണ് തീരുമാനം.
നേതാക്കളുടെ പരസ്യ അഭിപ്രായപ്രകടനങ്ങളും ചെളിവാരിയെറിയലും ഒരുതരത്തിലും അനുവദിക്കില്ലെന്ന കർശന നിർദ്ദേശമാണ് നകിയിരിക്കുന്നത്.അതേസമയം, നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനെപ്പോലുള്ളവരെ ഒപ്പം നിറുത്താനുള്ള നീക്കങ്ങളും ലക്ഷ്യയിൽ ഉണ്ടാകും. അതുപോലെ ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടാൽ അത് എങ്ങനെ രമ്യമായി പരിഹരിക്കാനുള്ള പ്ലാൻ ബിയും പാർട്ടി തയ്യാറാക്കിയിട്ടുണ്ട്.