റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ല, മന്ത്രി വി ശിവന്‍കുട്ടി

റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്ന വിഷയം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാര്‍ട്ടിയുടെ ലോക്കല്‍, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാര്‍ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ല. ചാനല്‍ ചര്‍ച്ച കൊണ്ടലല്ലോ സിപിഐ എം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമലല്ലോ എല്‍ഡിഎഫ് വളര്‍ന്നതെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

LDF ന് 110 സീറ്റുകളില്‍ സമ്പൂര്‍ണ വിജയപ്രതീക്ഷയുണ്ടെന്നും നടക്കില്ലെന്ന് പ്രതീക്ഷിച്ച പലകാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ കേന്ദ്രം ഏല്‍പ്പിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അറിയിക്കാതെ എല്ലാ കാര്യങ്ങളും നടത്തിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല. പ്രകടനപത്രികയില്‍ ജനങ്ങളോട് മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കും.

110 സീറ്റുകളില്‍ വിജയം ഉറപ്പാണ്. പ്രഖ്യാപിച്ച വികസന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി. എന്തെങ്കിലും വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം പറയട്ടെ. കോണ്‍ഗ്രസ് തകര്‍ന്നടിയും. ലീഗ് കോട്ടകള്‍ അടക്കം ഇളക്കി അത്യുജ്വല കൊടുങ്കാറ്റ് സൃഷ്ടിച്ചിട്ടുണ്ട്. ക്രൈസ്തവ, ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കാതിരിക്കാനുള്ള കാരണമുണ്ടോ. ഒരു വോട്ടും എവിടെയും പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി നിയമനത്തില്‍ അല്ലാതെ വേറെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ. അതും പരിഹരിച്ചിട്ടുണ്ട്. മൂന്നാം പിണറായി സര്‍ക്കാര്‍ വരാതിരിക്കാനുള്ള എന്തെങ്കിലും കാരണമുണ്ടോ? നേമത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.