മദ്യത്തിന് പേര്–ലോഗോ ക്ഷണിച്ചത്: ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ഡിസ്ടിലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേര്, ലോഗോ എന്നിവ നിർദ്ദേശിക്കുന്നവർക്കായി 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച സംഭവത്തിൽ ഹൈക്കോടതി ബെവ്കോയ്ക്ക് നോട്ടീസ് അയച്ചു. ഈ നടപടി വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്.
മദ്യത്തിന്റെ പേരും ലോഗോയും പൊതുജനങ്ങളിൽ നിന്ന് ക്ഷണിച്ചതിലൂടെ സർക്കാർ മദ്യോപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇത് കേരള അബ്കാരി ആക്ട് സെക്ഷൻ 55H-നും ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 47-നും വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കേണ്ട സർക്കാർ തന്നെ അതിന് പ്രോത്സാഹനം നൽകുന്ന സാഹചര്യമാണിതെന്നും ഹർജിക്കാരൻ വാദിക്കുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം ഇത്തരം നടപടികളിലേക്ക് കടക്കുന്നത് നിലവിലുള്ള ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ടംഗ ബെഞ്ച്, സംഭവത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ചിന്ദു കുര്യൻ ജോയ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടായത്.