കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നു: മുഖ്യമന്ത്രി

കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോള്‍ അത് തടസ്സപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് അര്‍ഹതപ്പെട്ടത് നിഷേധിക്കരുത് അതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. അനര്‍ഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ല.കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട് താല്പര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് ശബ്ദം ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യഗ്രഹ സമരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തിക്തമായ അനുഭവം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ചില വിഭാഗങ്ങള്‍ കേരളത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തയ്യാറാകുന്നില്ല കേരളത്തോട് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും പക പോക്കല്‍ നടപടിയാണുള്ളത് കേന്ദ്രസര്‍ക്കാര്‍ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോള്‍ ഇവിടെയുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നില്‍ക്കുന്നത്. സ്വന്തം കയ്യിലുള്ള അധികാരം അത് അമിതാധികാരം ആണെന്ന് ധരിക്കുന്നതാണ് കേന്ദ്രത്തിലെ അധികാരികള്‍.

കേരളത്തിന്റെ താല്‍പര്യം ഒരുതരത്തിലും ഉയര്‍ത്താന്‍ പ്രതിപക്ഷം തയ്യാറല്ല അതിന് അവരുടെതായ കാരണങ്ങള്‍ കാണും. നാട് മുന്നോട്ട് പോകാന്‍ പാടില്ല എന്ന കൂര്‍മ്മ ബുദ്ധിയാണ് യുഡിഎഫിനും കോണ്‍ഗ്രസിനും ഉള്ളത്. കേരളത്തെ അവഗണിക്കുമ്പോള്‍ അവഗണിക്കുന്ന കേന്ദ്ര സമീപനത്തെയാണ് കോണ്‍ഗ്രസ് പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.