ബിജെപിയും എല്‍ഡിഎഫും പരസ്പര ബന്ധത്തോടെയാണ് നിലകൊള്ളുന്നത്; വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നയാളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയും എല്‍ഡിഎഫും പരസ്പര ബന്ധത്തോടെയാണ് നിലകൊള്ളുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് വെള്ളാപ്പള്ളിയെ കൊണ്ട് വിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫ് ബിജെപിയെ സഹായിക്കുന്നു. ആര്‍എസ്എസിന്റെ വോട്ട് കിട്ടിയാണ് പിണറായി വിജയന്‍ ജയിച്ചുവന്നത്.ഒരു കോണ്‍ഗ്രസുകാരനും കേരളത്തില്‍ ബിജെപി പിന്തുണയോടെ ജയിച്ചു വന്നിട്ടില്ല. കാറിന്റെ നമ്പര്‍ മാറ്റി ആര്‍എസ്എസ് നേതാക്കളുമായി ഹോട്ടലില്‍ രഹസ്യ ചര്‍ച്ച നടത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി കൂട്ടുകൂടേണ്ടി വന്നെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെ വോട്ട് തേടി ജയിച്ചു വന്നയാള്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് പുറത്തുള്ള ഒരു എംഎല്‍എ രാജിവെക്കണമെന്ന് പറയാന്‍ കഴിയില്ലെന്നാണ് പ്രതികരണം.
സ്പീക്കറുടെ നടപടി എന്താണെന്നറിയില്ല. എത്തിക്‌സ് കമ്മിറ്റിക്ക് എങ്ങനെയാണ് അംഗത്വം കളയാന്‍ കഴിയുമെന്നറിയില്ല.പരിശോധിച്ച് പറയാമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.