ജെൻസീ തലമുറയെ മലയാളത്തോടു ചേർത്തു നിർത്തണം: ഡോ. സെബാസ്റ്റ്യൻ ജോസഫ്

തൃശൂർ : നവമാധ്യമങ്ങളിലൂടെ മലയാളം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുന്നത് ആശ്വാസകരമായ പ്രവണതയാണെന്നും, ജെൻസീ തലമുറയെ കൂടി മലയാളഭാഷയോട് ചേർത്തുനിർത്തുന്നതിൽ ശ്രദ്ധ ചെലുത്തിയാൽ ഭാഷയുടെ ഭാവി കൂടുതൽ ശോഭനമാകുമെന്നും ഡോ. സെബാസ്റ്റ്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ശ്രീ കേരളവർമ്മ കോളേജിലെ മലയാള വിഭാഗം അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവൽഭാഷകളെല്ലാം കാലഘട്ടങ്ങൾക്ക് അനുസരിച്ച് പദങ്ങൾ കൈമാറിയും പുതിയ പദങ്ങൾ സൃഷ്ടിച്ചുമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമീപനത്തിലൂടെയാണ് ജെൻസീ തലമുറയുടെ ഭാഷയെയും വിലയിരുത്തേണ്ടതെന്നും, ഭാഷാശുദ്ധിയുടെ പേരിൽ പുതിയ തലമുറയിൽ മലയാളത്തെക്കുറിച്ച് പേടിയോ അകൽച്ചയോ സൃഷ്ടിക്കപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാള വിഭാഗം അധ്യക്ഷൻ ഡോ. എം.ആർ. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗായകൻ അമൃത് അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. ആദർശ് സി., അസോസിയേഷൻ സെക്രട്ടറി അഞ്ജലി എസ്. എസ്., കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഡി. അഷ്ടമി, കൃഷ്ണപ്രിയ കെ. എസ്. എന്നിവർ പ്രസംഗിച്ചു.