തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ അതിനിർണായക യോഗം

ഡൽഹി : ദില്ലിയിൽ കോൺഗ്രസ് നേതാക്കളുടെ അതിനിർണായക യോഗം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങളാണ് ചർച്ച ചെയ്യുന്നത്. ഡിഎംകെ നേതൃത്വം സർക്കാർ രൂപീകരണത്തിൽ പങ്കാളിത്തം നൽകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെയും മല്ലികാർജ്ജുൻ ഖർഗെയെയും കണ്ടത്. ഇത്തവണ ഡിഎംകെയുമായി സർക്കാർ രൂപീകരണത്തിൽ തെരഞ്ഞെടുപ്പിന് മുൻപേ ധാരണയുണ്ടാക്കണമെന്നും സംസ്ഥാനത്ത് മത്സരിക്കാൻ കൂടുതൽ സീറ്റുകൾ നൽകണമെന്നുമാണ് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളുടെ ആവശ്യം.
കഴിഞ്ഞ തവണ ഡിഎംകെ സഖ്യത്തിൻ്റെ ഭാഗമായി 25 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ഇത്തവണ 40 സീറ്റുകൾ വരെയാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. ഇതിനോടെല്ലാം ഡിഎംകെ മുഖം തിരിച്ചാൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് ഒപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കോൺഗ്രസ് നേതാക്കൾ വാദിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും നേതാക്കളുമായി വിഷയം ചർച്ച ചെയ്തെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്.