നിതിന്‍ നബിന് ബിജെപി ദേശീയ അധ്യക്ഷന്‍

ന്യൂഡെല്‍ഹി: നിതിന്‍ നബിനെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പാര്‍ട്ടി കേന്ദ്ര ഓഫിസില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാലയിട്ട് അഭിവാദ്യം അര്‍പ്പിച്ചു. ജെ.പി. നദ്ദ, രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ പുതിയ അധ്യക്ഷനെ അഭിനന്ദിച്ചു.
ജെ.പി. നദ്ദയുടെ പിന്‍ഗാമിയായി ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന നിതിന്‍ നബിന്, അമിത് ഷാ-നദ്ദ കൂട്ടുകെട്ടിന്റെ വിശ്വസ്തനായാണ് കണക്കാക്കപ്പെടുന്നത്. തലമുറ മാറ്റം ലക്ഷ്യമിട്ട് കഴിഞ്ഞ ഡിസംബറില്‍ 45 കാരനായ നബിനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു.
ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും ബിഹാര്‍ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ച നിതിന്‍ ഛത്തീസ്ഗഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും വഹിച്ചിരുന്നു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാന ചുമതലക്കാരനായി പ്രവര്‍ത്തിച്ച നബിന്, അപ്രതീക്ഷിത വിജയത്തിലൂടെ ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
കേരളം, തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുന്നിലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ബി.ജെ.പിയുടെ 12-ാമത് ദേശീയ അധ്യക്ഷനു മുന്നിലുള്ള പ്രധാന വെല്ലുവിളി. സംഘടനയില്‍ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനും യുവ നേതൃത്വത്തെ വളര്‍ത്താനും പാര്‍ട്ടി നബിന് പ്രത്യേക ദൗത്യം നല്‍കിയിട്ടുണ്ട്.