വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മനോഭാവമാണെന്നും എസ്എന്‍ഡിപിയെ തെരുവിലിട്ട് ആക്ഷേപിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ശ്രീനാരായണ ഗുരു ഇല്ലാതാക്കിയ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ സതീശന്റെ വാദങ്ങള്‍ ശ്രമിക്കുന്നുവെന്നു വെള്ളാപ്പള്ളി ആരോപിച്ചു. സമുദായ നേതാക്കളോട് തിണ്ണ നിരങ്ങില്ല എന്നു പറയുന്ന സതീശന്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂര്‍ തിണ്ണ നിരങ്ങിയ സംഭവവും പുറത്തുവന്നുകഴിഞ്ഞുവെന്നും അത് സതീശന്റെ ഇരട്ടമുഖമാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.