സര്‍ക്കാരിന്റെ മതേതര മുഖം നഷ്ടപ്പെട്ടു; പി കെ കുഞ്ഞാലിക്കുട്ടി

സര്‍ക്കാരിന്റെ മതേതര മുഖം നഷ്ടപ്പെട്ടുവെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇങ്ങനെ ഒരു കാലം ഉണ്ടായിട്ടില്ല. സര്‍ക്കാരില്‍ നിന്ന് അടിക്കടി ഇത്തരം പ്രവണതകള്‍ ഉണ്ടാകും. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇങ്ങനെ സംഭവിക്കുന്നത് അവിശ്വസനീയം. സര്‍ക്കാരിന് ജീവന്‍ നഷ്ടപ്പെട്ടത് സഭയില്‍ പ്രകടം. ലക്ഷ്യബോധമില്ലാതായി.

ന്യൂനപക്ഷ വര്‍ഗീയതയെ പ്രതിരോധിച്ചത് മുസ്ലിം ലീഗാണ്. വര്‍ഗീയത പടര്‍ത്താന്‍ പാര്‍ട്ടികള്‍ തന്നെ രൂപീകരിച്ച നാടാണ് കേരളം. അതിനെയെല്ലാം പ്രതിരോധിച്ചത് ലീഗ് ആണ്. അതുകൊണ്ടാണ് കേരളത്തിന്റെ മതേതര ഹൃദയത്തിലാണ് ലീഗിന് സ്ഥാനം കിട്ടിയത്. ലീഗിന്റെ മുഖം വികൃതമാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ രാഷ്ട്രീയ അന്തരീക്ഷം ആകാന്‍ ഇടം നല്‍കുന്നതാണ് എന്നു മനസിലാക്കി പിന്‍വാങ്ങാന്‍ ആര്‍ജ്ജവം കാട്ടിയ പാര്‍ട്ടിയാണ് ലീഗ്. മതേതരത്വത്തിന് ആകുന്ന ഒന്നിനെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. കേരളത്തെ മതേതര കേരളവുമായി നിലനിര്‍ത്താന്‍ എന്തു വിലയും കൊടുക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ ഗവര്‍ണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോള്‍ വേറെ കണക്കുകള്‍ പറയുന്നുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.