സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി നാഷണല്‍ ലീഗ്

തിരുവനന്തപുരം: സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി നാഷണല്‍ ലീഗ്. തെറ്റായ പരാമര്‍ശം പിന്‍വലിക്കണമെന്നും എന്തിനാണ് ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍? മലപ്പുറത്തെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ഏറെ പണിയുണ്ടാക്കരുത്. ടി കെ ഹംസയെ വിജയിപ്പിച്ചത് മലപ്പുറത്തെ ജനങ്ങളാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റെ എപി അബ്ദുള്‍ വഹാബ് പറഞ്ഞു. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യാഹ്വാനത്തിലും അബ്ദുള്‍ വഹാബ് പ്രതികരിച്ചു. സമുദായങ്ങളുടെ ഐക്യം നല്ലതാണ് എന്നാല്‍ ഏതെങ്കിലും സമുദായത്തെ മാറ്റി നിര്‍ത്തിയാവരുത് ഐക്യം. നായാടി മുതല്‍ നസ്രാണി വരെ എന്ന് പറയുന്നതില്‍ പ്രശ്നമുണ്ട്. ഐക്യങ്ങളുടെ പാലം എല്ലാവരിലേക്കും നീട്ടണം എന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
കാസര്‍കോട് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രിയുടെ വാക്കുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറന്നത്. ബിജെപിയെയും മുസ്ലിം ലീഗിനെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ട് മന്ത്രി നടത്തിയ ഈ പരാമര്‍ശം, ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പരാമര്‍ശം വിവാദമായിട്ടും കഴിഞ്ഞ ദിവസം മന്ത്രി അതിനെ ന്യായീകരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ഇത്തരം പ്രസ്താവനകള്‍ കാരണമാകുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു.