ശബരിമല സ്വര്‍ണക്കൊള്ള: സഭ സ്തംഭിപ്പിച്ചത് ചര്‍ച്ച ഭയന്നെന്ന് കെ.കെ. ശൈലജ

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിയമസഭ സ്തംഭിപ്പിച്ചതിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ലെന്നും, എന്നാല്‍ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ശൈലജ പറഞ്ഞു. പ്രതികള്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോകളിലാണ് കണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അടിയന്തര പ്രമേയം ചര്‍ച്ച ചെയ്താല്‍ ഈ വിഷയങ്ങള്‍ എല്ലാം പുറത്തുവരുമെന്ന് ഭയന്നാണ് പ്രതിപക്ഷം നോട്ടീസ് നല്‍കാതെയും ബഹളം വെച്ചതെന്നും കെ.കെ. ശൈലജ ആരോപിച്ചു. എന്തിനാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതെന്ന് അവര്‍ ചോദിച്ചു. യഥാര്‍ത്ഥത്തില്‍ പത്ത് മുതല്‍ പതിനേഴ് വരെ അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയ ചരിത്രമുള്ള സര്‍ക്കാരാണ് ഇതെന്നും ശൈലജ പറഞ്ഞു.
പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാരല്ല ഇതെന്നും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ അതിന് പരിഹാരം എന്താണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്ന, തികച്ചും ജനാധിപത്യപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരാണിതെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ യഥാര്‍ത്ഥ പ്രശ്‌നം കേരള നിയമസഭയ്ക്കകത്ത് ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും, അടിയന്തര പ്രമേയം കൊണ്ടുവന്നാല്‍ ചര്‍ച്ചയ്ക്ക് അനുമതി ലഭിക്കുമെന്ന കാര്യം പ്രതിപക്ഷത്തിനറിയാമായിരുന്നിട്ടും അവര്‍ പിന്മാറിയതാണെന്നും ശൈലജ പറഞ്ഞു.