ഉമ്മൻ ചാണ്ടിയാണ് എന്നെ ചതിച്ചത്; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെയും ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുൻപ് മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നൽകി തന്നെ പറ്റിച്ച ഉമ്മൻചാണ്ടി തന്നോട് ചെയ്തത് വലിയ ദ്രോഹമാണെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും കുടുംബതർക്കങ്ങളിൽ മധ്യസ്ഥനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ ഉന്നയിച്ച ആരോപണങ്ങൾക്കും ഗണേഷ് കുമാർ മറുപടി നൽകി. ‘കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഉമ്മൻ ഓർക്കണമെന്നും അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് അദ്ദേഹത്തിന് ഗുണകരമാകില്ലെന്നും മന്ത്രി പരിഹസിച്ചു.