പത്മവിഭൂഷണ്‍ സ്വീകരിക്കല്‍: പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കും – വി.എ. അരുണ്‍ കുമാര്‍

തിരുവനന്തപുരം: വി. എസ്. അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി മകന്‍ വി. എ. അരുണ്‍ കുമാര്‍. പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും, സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷമേ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അച്ഛന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ കുടുംബം ഏറെ സന്തോഷത്തിലാണ്. ഈ വലിയ അംഗീകാരം കുടുംബത്തിന് അഭിമാനകരമാണെന്നും, വി. എസിന്റെ ജീവിതവും സംഭാവനകളും എല്ലാവരും അറിയണമെന്നതാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.

വി. എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പുരസ്‌കാരം ഔദ്യോഗികമായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ നിലപാട് പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷമേ സ്വീകരിക്കൂവെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.