ഒരു വയസ്സുകാരനൈ കൊലപ്പെടുത്തിയ കേസ്; പിതാവിനെതിരെ ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയേക്കും

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരനൈ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ
പിതാവിനെതിരെ ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയേക്കും. അമ്മ കൃഷ്ണപ്രിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.നാളെ പിതാവ് ഷിജിലിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
ഷിജിനെതിരെ നിലവില്‍ കൊലപാതക കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഷിജിലിന് സ്ത്രീധനമായി നല്കിയ വസ്തുവിനെ ചൊല്ലി ഭാര്യ കൃഷ്ണപ്രിയയെ ഉപദ്രവിച്ചതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.ഇതോടെ ആണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള ആലോചന.ഗാര്‍ഹിക പീഡനത്തില്‍ പ്രതിയുടെ ബന്ധുക്കള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കോടതിയില്‍ ഹാജരാക്കിയ ഷിജിലിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. നാളെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും പൊലീസ് നല്‍കും.
ഇക്കഴിഞ്ഞ 16ന് പുലര്‍ച്ചെ 3:00 മണിയോടെയാണ് ഒരു വയസ്സുകാരന് അപ്പു എന്ന് വിളിക്കുന്ന ഇഹാനെ സ്വന്തം പിതാവ് ഷിജില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. പുലര്‍ച്ചെ അപ്പു കരഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ടതിനാലാണ് കുഞ്ഞിന്റെ അടിവയറ്റില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.