പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം; ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗം നടത്തി. അഴിമതി രഹിത ഭരണമാണ് നിലവിലെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞുവെന്ന അവകാശവാദവും പ്രസംഗത്തില്‍ ഉന്നയിച്ചു.
നാലു കോടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായും പന്ത്രണ്ടര കോടി ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയതായും രാഷ്ട്രപതി വ്യക്തമാക്കി. ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും റോഡുകള്‍ എത്തിച്ചുവെന്നും പത്തുകോടിയിലധികം പേര്‍ക്ക് എല്‍പിജി കണക്ഷന് നല്‍കിയതായും പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
അഴിമതിയും കോഴയും ഇല്ലാത്ത ഭരണം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതായും രാജ്യത്തെ ഓരോ രൂപയും ജനങ്ങളുടെ വികസനത്തിനായി വിനിയോഗിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ നെറ്റ്വര്‍ക്ക് രാജ്യമായി മാറിയെന്നും, അന്താരാഷ്ട്ര സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം നിര്‍മ്മിക്കാനുള്ള യാത്രയിലാണ് ഇന്ത്യയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.