കൊല്ലത്ത് റബ്ബർ തോട്ടത്തിൽ വൻ തീപിടിത്തം ; കാറ്റത്ത് തീ ആളി പടർന്നു, 10 ഏക്കറോളം തോട്ടം കത്തിനശിച്ചു

കൊല്ലം: റബ്ബർ പുരയിടത്തിൽ തീ പടർന്ന് പത്തേക്കറോളം റബ്ബർ കത്തി നശിച്ചു. ഏരൂർ തോട്ടംമുക്ക് അട്ടക്കുളം ഭാഗത്താണ് പത്തേക്കറോളം റബ്ബർ പുരയിടത്തിൽ തീ പടർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുനലൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും തീ പടർന്ന പ്രദേശത്തേക്ക് എത്താൻ സാധിക്കാതിരുന്നതും തീ പടരാൻ കാരണമായി. ബ്ലോഗറുകള്‍ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റിൽ തീ പടരുകയായിരുന്നു. അതിനിടെ അഗ്നി രക്ഷാസേനയുടെ വലിയ വാഹനത്തിന് സ്ഥലത്ത് എത്തിച്ചേരാൻ സാധിക്കാതിരുന്നതാണ് തീ വേഗത്തിൽ അണയ്ക്കുന്നതിൽ പ്രതിസന്ധിയായത്.

ഒപ്പം പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി. ശക്തമായ കാറ്റ് തീ വ്യാപിക്കാൻ കാരണമായി. റബ്ബർ പുരയിടത്തിന് സമീപത്തുള്ള കോഴിഫാമിലും തീ പടർന്നു. ഫാമിന്റെ ഷെഡ്ഡുകൾ പൂർണമായും കത്തി നശിച്ചു. ടാപ്പിങ്ങിന് ഭാഗമായ റബർ മരങ്ങളാണ് ഏറെയും കത്തി നശിച്ചത്. തൊഴിലാളികൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നത് എന്നാണ് സംശയിക്കുന്നത്. കടയ്ക്കലിൽ നിന്നടക്കമുള്ള കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് അഞ്ചര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്.