ടിവികെയുടെ പിന്തുണ നിരസിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ് നടൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) രാഷ്ട്രീയ പിന്തുണ നിരസിച്ച് കോൺഗ്രസ്. തമിഴ്നാട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യം ടിവികെ പരിഗണിക്കുന്നുണ്ടെന്ന് വിജയ്യുടെ പിതാവും നിർമാതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി ആവശ്യമായ ബൂസ്റ്റ്, ഹോർലിക്സ്, ബോൺവീറ്റ നൽകുന്നുണ്ട്. ഞങ്ങളുടെ പ്രവർത്തകരെ നോക്കൂ, അവർക്ക് ഇതിനോടകം തന്നെ ഊർജം ലഭിച്ച് കഴിഞ്ഞിരിക്കുന്നുവെന്നാണ് സെൽവപ്പെരുന്തഗൈ പറഞ്ഞത്.കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ട്. അവർ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാർട്ടിയാണെന്നും എന്നാൽ ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയിരുന്നു.
അവർ മറ്റു പാർട്ടികൾക്ക് പിന്തുണ നൽകുകയാണ്. വിജയ് അവരെ പിന്തുണയ്ക്കാനും പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കാൻ തയ്യാറാണെന്നും ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയ്യുടെ വിജയ സാദ്ധ്യത തിളക്കമാർന്നതാണ്. ആദ്യമായി രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരാൾക്ക് തടസങ്ങൾ നേരിടുന്നത് സ്വാഭാവികമാണ്. എത്ര തടസങ്ങളെയും നേരിടാൻ കഴിയും. ജനങ്ങൾ വിജയ്യെ ഒറ്റയ്ക്ക് മത്സരിക്കാൻ പ്രേരിപ്പിക്കുന്നു.
അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.അതേസമയം, ഭാവിയിൽ കോൺഗ്രസ്- ടിവികെ സഖ്യമുണ്ടായേക്കാമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. നിലവിലെ സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം വഷളായേക്കാമെന്ന സൂചനകളുണ്ട്. വീണ്ടും ഡിഎംകെ വിജയിക്കുകയാണെങ്കിൽ അധികാരം പങ്കുവയ്ക്കാൻ തയ്യാറായില്ലെങ്കിൽ നിലവിലെ സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയേക്കുമെന്നാണ് വിലയിരുത്തൽ.