സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു’ ഇന്ന് പവന് 5,240 രൂപ കുറഞ്ഞ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയും ഗ്രാമിന് 655 രൂപ ഇടിഞ്ഞ് 15,640 രൂപയുമായി. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ടുപ്രാവശ്യം സ്വർണവിലയിൽ മാറ്റം സംഭവിച്ചിരുന്നു. ആഗോള വിപണിയിൽ ഇന്നലെ രാവിലെ പവന് 8,640 രൂപകൂടി് 1,30,360 രൂപയും ഉച്ചയോടെ 800 രൂപ കുറഞ്ഞ് 1,30,360 രൂപയുമായി. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ തരത്തിലുള്ള വർദ്ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ ഇന്നുണ്ടായ ഇടിവിൽ വലിയ പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച രണ്ട് തവണയായാണ് സ്വർണവില വർദ്ധിച്ചത്. രാവിലെ 295 രൂപയും ഉച്ചയ്ക്കുശേഷം 175 രൂപയുമാണ് ഗ്രാമിന് വർദ്ധിച്ചത്. രണ്ട് തവണയായി പവന് 3760 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 15000 കടന്നു. ആഗോള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സുരക്ഷിതനിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂട്ടുപിടിക്കുന്നതാണ് വില കുതിച്ചുയരാനിടയാക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 5,276 ഡോളറിലെത്തിയതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്. ഡോളറിന്റെ മൂല്യത്തകർച്ചയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഡോളറിന്റെ മൂല്യം 95ലോ അതിന് താഴെയോ പോയാൽ സ്വർണവില 6000 ഡോളർ കടന്നേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 415 രൂപയും കിലോഗ്രാമിന് 4,15,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 425 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.