നേമത്ത് മത്സരിക്കുമോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിയ്‌ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നേമത്ത് മത്സരിക്കുമോ എന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ വെല്ലുവിളിയ്‌ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേമത്ത് ശിവൻകുട്ടിക്കെതിരെ മത്സരിക്കാൻ താൻ ആളല്ലെന്നും എൽഡിഎഫിന്റെ ചങ്ക് പൊളിക്കുന്ന പൊളിറ്റിക്കൽ നരേറ്റീവുകൾ ഇപ്പോഴുണ്ടെന്നും അതിൽ നിന്ന് വഴിമാറ്റികൊണ്ടുപോകാനുള്ള ശ്രമമാണിതെല്ലാം എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തനിക്കെതിരെ ഒരുപാട് ദുഷ്‌പ്രചരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെയടക്കം ഉണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. ദിവസവും 10 കാർഡ് വീതം ഇറക്കുകയാണ്. അതിൽ അഞ്ചും മന്ത്രിയുടേതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്. അദ്ദേഹത്തോട്‌ മറുപടി പറയാനില്ല. അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും തനിക്കില്ലെന്നും വി ഡി സതീശൻ പരിഹസിച്ചു.

‘അദ്ദേഹവുമായി മത്സരിക്കാൻ ഞാൻ ആളല്ല. അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും എനിക്കില്ല. അദ്ദേഹത്തിന് എന്നെക്കാൾ നിലവാരവും സംസ്‌കാരവുമുണ്ട്. മന്ത്രിക്കെതിരെ കൃത്യമായി മറുപടി നിയമസഭയിൽ പറഞ്ഞു.’ വി ഡി സതീശൻ പറഞ്ഞു.

ശശി തരൂരിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പ്രതിപക്ഷ നേതാവ് മറുപടി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചരണത്തിൽ 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ മുഖമുണ്ടാകും. ലോകം അറിയപ്പെടുന്ന വലിയൊരു എഴുത്തുകാരനാണ് അദ്ദേഹം. തരൂരിനെ ഇഷ്ട‌പ്പെടുന്ന വലിയൊരു സമൂഹമുണ്ട്. പ്രചരിക്കുന്ന മറ്റെല്ലാം അടിസ്ഥാനമില്ലാത്ത വാർത്തകളാണെന്നും വി ഡി സതീശൻ അറിയിച്ചു.