പത്മഭൂഷൺ സമുദായത്തിന് നൽകുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

കോട്ടയം: പത്മഭൂഷൺ സമുദായത്തിന് നൽകുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശനങ്ങളെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം എസ്‌എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ പല ഘട്ടത്തിൽ പലരും കൊല്ലാൻ ശ്രമിച്ചു. പക്ഷേ കൊല്ലാൻ ശ്രമിച്ചവരൊക്കെ ചത്തുപോയി. ഞാനിപ്പോഴും ചക്കക്കുരുപോലെ നിൽക്കുകയാണ്. എനിക്കെതിരായ എല്ലാ വിമർശനങ്ങളെയും തള്ളുന്നു. ആവശ്യമില്ലാത്ത വിമർശകരോട് പോടാ പുല്ലേ എന്നുപറയും. സമുദായാഗംങ്ങൾ നൽകിയ കസേരയിൽ വെള്ളം ചേർത്തിട്ടില്ല.എനിക്ക് പാലർമെന്ററി മോഹമില്ല. അങ്ങനെയെനിക്ക് മോഹമുണ്ടെന്ന് തോന്നിയാൽ എന്നെ ഊളമ്പാറയിൽ അയയ്ക്കണം.
കുറെ യൂട്യൂബുകാർക്ക് പണംകൊടുത്ത് ചിലർ എന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. ഞാൻ ഒറ്റയ്ക്ക് നിന്നാൽ സീറോ, നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോ.മറ്റ് സമുദായങ്ങളിലുള്ളവർ മണിമാളികകൾ പണിയുമ്പോൾ വീടില്ലാത്തവർ പിന്നാക്ക സമുദായക്കാരും പട്ടിക ജാതിക്കാരുമാണ്. തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരിൽ അധികവും ഈഴവ സമുദായക്കാരാണ്. കോട്ടയത്ത് ഈഴവന്റെ വോട്ടിന് വിലയില്ല. വിലയുള്ള വോട്ടായി മാറണം’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.