ആർആർടിഎസ് മണ്ടൻ പദ്ധതിയെന്ന ഇ ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം: ആർആർടിഎസ് മണ്ടൻ പദ്ധതിയെന്ന ഇ ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നാല് മണിക്കൂറിനകം തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തുന്ന ഏത് സംവിധാനവും സിപിഎം അംഗീകരിക്കും.
എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫിൽ തർക്കമുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കെ റെയിൽ ആയാലും ശ്രീധരന്റേതായാലും അവസാനം പ്രഖ്യാപിച്ചതായാലും ഒരു അതിവേഗ റെയിൽപാതയാണ് നമുക്ക് വേണ്ടതെന്ന് ഗോവിന്ദൻ പറഞ്ഞു.
‘ഞാനാണ് കേരള മുഖ്യമന്ത്രിയെന്ന് പറഞ്ഞ് കഴിഞ്ഞതവണ മത്സരിക്കാനിറങ്ങിയ ആളാണ് ശ്രീധരൻ. അദ്ദേഹം പറയുന്നത് എല്ലാം പിന്നീട് തിരുത്തും.’ എം വി ഗോവിന്ദൻ പരിഹസിച്ചു. കെ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ ഗ്യാരണ്ടി ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു.
‘കേന്ദ്ര സർക്കാർ ഗ്യാരണ്ടിയിൽ ആരംഭിച്ചതാണ് കെറെയിൽ. വെറുതെ ആരംഭിച്ചതല്ല, കേന്ദ്രവും കേരളവും ഒരുമിച്ച് കൊണ്ടുവന്ന പദ്ധതി രാഷ്ട്രീയ കാരണം കൊണ്ടാണ് കേന്ദ്രം അനുമതി നൽകാതിരുന്നത്. പദ്ധതിയ്ക്ക് ഡിപിആർ തയ്യാറാക്കാൻ പറഞ്ഞതിനടക്കം രേഖയുണ്ട്. ഇതിന് കുറ്റിയടിച്ചത് മൂലം ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കും.’ എം വി ഗോവിന്ദൻ വ്യക്തമാക്കി.