നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല;എസ് രാജേന്ദ്രൻ

സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത് തന്നെപ്പോലെ അവഗണന നേരിട്ടവർക്ക് സംരക്ഷണം ഒരുക്കാനെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിജെപിയുടെ മാർക്കറ്റിങ്ങിന് വേണ്ടി തന്നെ ഉപയോഗിക്കാം. സാമ്പത്തിക നേട്ടത്തിനായിരുന്നെങ്കിൽ മുൻപ് നിന്ന പാർട്ടി മാറില്ലായിരുന്നു. മൂന്നാറിൽ സഹകരണ സൊസൈറ്റി തുടങ്ങിയത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കാനാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു
വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി മാറ്റമെന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ എസ് രാജേന്ദ്രൻ വ്യക്തമാക്കിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മുമായി മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ തെറ്റിയത്. ദീർഘനാളായി ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങളും ചർച്ചകളും നിലനിൽക്കെയാണ് എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനം. 2006 മുതൽ 2021 വരെ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ.
എസ് രാജേന്ദ്രനെ അതിവേഗം പാർട്ടിയിൽ എത്തിച്ചത് സ്ഥാനാർത്ഥിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ല എന്ന രാജേന്ദ്രന്റെ നിലപാട് മാറ്റും. തോട്ടം തൊഴിലാളി വോട്ടുകൾ ഭൂരിഭാഗവും സമാഹരിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് എസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ സഹകരണ ബാങ്ക് രൂപീകരിക്കും