ഡോ. റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; വിശദ അന്വേഷണം ആവശ്യപ്പെട്ട് പരാതി

ആദായനികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. നെഞ്ചിന്റെ ഇടതുവശത്താണ് വെടിയേറ്റതെന്നും അഞ്ചാം വാരിയെല്ലിലൂടെ കയറിയ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയതാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ ഭാഗമായി കര്‍ണാടക പൊലീസ് രൂപീകരിച്ച പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡോ. റോയ് സി.ജെയുടെ സഹോദരന്‍ ബാബു സി.ജെ രംഗത്തെത്തി. മരണകാരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നതിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്.
ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി റോയ് സി.ജെയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിച്ചു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി റെയ്ഡ് തുടരുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിശദാംശങ്ങള്‍ തേടുമെന്നും പൊലീസ് വ്യക്തമാക്കി.