സി ജെ റോയിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയില്ല; ആദായ നികുതി വകുപ്പ്

കൊച്ചി: അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിക്കുമേല്‍ യാതൊരു വിധത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും, റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങളുടെ വിശദീകരണം. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ ആദായ നികുതി വകുപ്പ് പുറത്തിറക്കിയിട്ടില്ല.
നടപടികള്‍ എല്ലാം നിയമപരമായിരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസമായി നടന്നുവരുന്ന അന്വേഷണ നടപടികളുടെ തുടര്‍ച്ചയായാണ് അടുത്തിടെയുണ്ടായ പരിശോധനയെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. റോയിക്കുമേല്‍ ഒരുവിധത്തിലുള്ള മാനസികമോ ശാരീരികമോ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ഐടി വകുപ്പ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തിറക്കുന്നതിനുള്ള ആലോചനകളും നടക്കുന്നതായി അറിയുന്നു.
അതേസമയം, സി.ജെ. റോയ് കടുത്ത സമ്മര്‍ദത്തിനും മാനസിക പ്രയാസങ്ങള്‍ക്കും വിധേയനായിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം തുടരുകയാണ്.