സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ലോക കേരള സഭയിലാണ് പ്രഖ്യാപനം. പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെ അംഗങ്ങളായ ഹൈപവർ കമ്മിറ്റി രൂപീകരിക്കും. ശക്തമായ കുടിയേറ്റ നിയമം വേണമെന്നും ഇന്ത്യൻ എംബസി ഇല്ലാത്ത ഇടങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്ക് മാത്രമായി പ്രത്യേക ഗ്രാമസഭ ചേരാനാവില്ല. പ്രാദേശിക പ്രവാസി കൂട്ടായ്മകൾ ചേരുന്നതിന് എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരികെ വന്ന പ്രവാസികളുടെ നൈപുണ്യ വിവരങ്ങൾ നോർക്ക പോർട്ടൽ വഴി ശേഖരിക്കുന്നതിൻ്റെ സാധ്യതകളും പരിശോധിക്കും.

ഓസ്ട്രിയ- ജർമനി രാജ്യങ്ങളിലെ ഭാഷ സർട്ടിഫിക്കറ്റിന് വ്യാജ സർട്ടിഫിക്കറ്റും , വ്യാജ റിക്രൂട്ട്മെൻ്റും ഗൗരവമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കുറ്റങ്ങൾക്കെതിരെ സംസ്ഥാനത്ത് ശക്തമായ നിയമനടപടി സ്വീകരിക്കുന്നുണ്ട്. 1300 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ സർക്കാർ ഗൗരവപൂർവം പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് പ്രവാസി സംഘടനകളുടെ നിർലോഭമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.