ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും’; പ്രഖ്യാപിച്ച് പാകിസ്ഥാന്‍ സർക്കാർ

ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നിലപാട് എടുത്തിരിക്കുന്നത്. പാക് സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്‌കരിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം.

‘ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല’- സര്‍ക്കാര്‍ വ്യക്തമാക്കി.