റോയ്‌യുടെ ഡയറിയില്‍ ആത്മഹത്യ സംബന്ധിച്ച നിര്‍ണായക വിവരങ്ങൾ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെ ആത്മഹത്യ ചെയ്യാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയ്‌യുടെ ഡയറിയില്‍ ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചില സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഡയറിയിലുണ്ടെന്നാണ് വിവരം. റോയ് സി ജെ ഓഫിസ് ചേംബറിലേക്ക് എത്തിയ സമയം സംബന്ധിച്ച മൊഴിയില്‍ വ്യക്തത വരുത്താന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങളാണ് റോയ്‌യുടെ ഡയറിയിലുള്ളതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചതുപോലും മരിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് എന്ന് ഡയറിയില്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശത്ത് നടത്തിയ ചില ബിസിനസുകളില്‍ നിന്ന് നേരിട്ട തിരിച്ചടിയെക്കുറിച്ചുള്ള വിശദാംശങ്ങളും റോയ് ഡയറിയില്‍ കുറിച്ചിട്ടുണ്ട്. താന്‍ ഇല്ലാതായാല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ആര് നയിക്കണമെന്ന് പോലും റോയ് എഴുതി വച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ റോയ് തീരുമാനിച്ചുറപ്പിച്ചു എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ കുറിപ്പുകളെന്ന് പൊലീസ് സൂചിപ്പിക്കുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപകരായി വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നവരെ വിട്ടുകളയരുതെന്നും ചേര്‍ത്ത് നിര്‍ത്തണമെന്നും ഡയറിക്കുറിപ്പില്‍ റോയ് സൂചിപ്പിക്കുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്ക്ക് മേല്‍ ഏല്‍പ്പിച്ച സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ റോയ് മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു എന്ന് സൂചിപ്പിക്കുകയാണ് നിര്‍ണായകമായ ഡയറിക്കുറിപ്പുകള്‍.