സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശി: കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശിയാണെന്ന് മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍. ബജറ്റിനെ യുഡിഎഫിനെ അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പോലും പിന്തുണച്ചെന്നും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ മധുരം വിതരണം ചെയ്തെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. തൊഴിലാളികളെ സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചെന്നും പ്രതിപക്ഷം പഠിക്കാതെ വിമര്‍ശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ തളളുമെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കടകംപളളി വ്യക്തമാക്കി.
‘സംസ്ഥാന ബജറ്റിനെ യുഡിഎഫിനെ അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പോലും പിന്തുണച്ചു. പ്രതിപക്ഷം പഠിക്കാതെയാണ് വിമര്‍ശിച്ചത്. സതീശന്റേത് പഴയ പ്രതിപക്ഷ നേതാവിന്റെ അതേ വിമര്‍ശനമാണ്. നടപ്പിലാക്കാന്‍ പോകുന്നതല്ല എന്നാണ് വിമര്‍ശിച്ചത്. കഴിഞ്ഞ തവണയും സമാനമായ അനുഭവമുണ്ടായി. ജനങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ തളളി. വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതേ നിലപാട് തന്നെ ജനങ്ങള്‍ ആവര്‍ത്തിക്കും. കൂടുതല്‍ ഭൂരിപക്ഷത്തോടെ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും’ കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
വി ഡി സതീശനെയും കടകംപളളി വിമര്‍ശിച്ചു. ‘നാല് ചാനലുകാരെ കണ്ടാല്‍ എന്തും പറയുന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് എത്തി. സതീശന്റെ പ്രസംഗം സത്യേതര ഭാഷയിലാണ്. വായില്‍ തോന്നുന്നത് കോതയ്ക്ക് എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്. എന്തും വിളിച്ച് പറയുന്ന നേതാവായി പ്രതിപക്ഷ നേതാവ് മാറി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെപ്പോലും അദ്ദേഹം വെറുതെ വിടുന്നില്ല. ഹൈക്കോടതി സതീശന്റെ ചെവിക്ക് കിഴുക്ക് കൊടുത്തു. അതിനാണ് ജസ്റ്റിസിനെ അധിക്ഷേപിച്ചത്. സമനില തെറ്റിയ പ്രതികരണമാണ് സതീശന്റേത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കാനുളള ആര്‍ജ്ജവം പോലും സതീശന്‍ കാണിക്കുന്നില്ല’: കടകംപളളി പറഞ്ഞു