ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല

കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരം ഗേറ്റ് കീപ്പര്‍ അധ്യാപികയെ ഗേറ്റിന് മുന്നില്‍ തടഞ്ഞു എന്നാണ് ആരോപണം. പ്രധാന അധ്യാപിക സിന്ധു എസ് ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ചുരിദാര്‍ ഇട്ട് വരരുത് എന്ന് മാനേജര്‍ പറഞ്ഞിരുന്നുവെന്ന് അധ്യാപിക പ്രതികരിച്ചു. ഇന്ന് രാവിലെ സ്‌കൂളില്‍ ഒമ്പത് മണിയോടെ എത്തിയപ്പോഴായിരുന്നു അധ്യാപികയെ തടഞ്ഞത്. പ്രവേശിപ്പിക്കേണ്ടെന്ന മാനേജറിന്റെ നിര്‍ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് ഗേറ്റ് കീപ്പര്‍ പറഞ്ഞത്. മുന്‍പും സമാനമായ സംഭവം നേരിട്ടിരുന്നതായാണ് അധ്യാപിക പറയുന്നത്.

കുട്ടികള്‍ക്ക് നല്‍കാനുള്ള മുട്ടയുമായാണ് അധ്യാപിക സ്‌കൂളില്‍ എത്തിയിരുന്നത്. മാനേജറോട് ചുരിദാര്‍ ധരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം എന്ത് വസ്ത്രം ധരിച്ചും വരാമെന്നും തടയാന്‍ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂള്‍ മാനേജരുടെ വിശദീകരണം. പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.