തെരഞ്ഞെടുപ്പിന് മൂന്നുനാള്‍ മുന്‍പ് അമേരിക്കയുമായി ‘രഹസ്യ’ കരാര്‍; ബംഗ്ലാദേശില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു

രാജ്യം നിര്‍ണ്ണായകമായ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അമേരിക്കയുമായി ധൃതിപിടിച്ച് വ്യാപാര കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍. ഫെബ്രുവരി 12-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി 9-ന് വാഷിംഗ്ടണില്‍ വെച്ചാണ് കരാര്‍ ഒപ്പിടുന്നത്. കരാറിലെ നിബന്ധനകള്‍ പുറത്തുവിടാത്തതും ഇന്ത്യയുമായുള്ള വ്യാപാര മത്സരവുമാണ് ബംഗ്ലാദേശില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

എന്താണ് ഈ ‘രഹസ്യ’ കരാര്‍? കരാറിലെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അമേരിക്കയുമായി ബംഗ്ലാദേശ് നേരത്തെ ധാരണയിലെത്തിയിരുന്നു.. ഇതുപ്രകാരം കരാറിന്റെ കരട് പാര്‍ലമെന്റിലോ വ്യവസായ മേഖലയിലുള്ളവര്‍ക്കോ ലഭ്യമാക്കിയിട്ടില്ല. ബംഗ്ലാദേശ് വാണിജ്യ ഉപദേഷ്ടാവ് എസ്.കെ. ബഷീര്‍ ഉദ്ദീന്‍ നേരത്തെ തന്നെ ധാക്കയില്‍ വെച്ച് കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. ഇത് കൈമാറാനായി അഞ്ചംഗ ഉദ്യോഗസ്ഥ സംഘം അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കന്‍ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറാണ് യുഎസിന് വേണ്ടി ഒപ്പിടുന്നത്.

അടുത്തിടെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച വ്യാപാര കരാറാണ് ബംഗ്ലാദേശിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ അമേരിക്ക 18 ശതമാനമായി കുറച്ചിരുന്നു. നിലവില്‍ 20 ശതമാനം തീരുവ നല്‍കുന്ന ബംഗ്ലാദേശ്, അത് 15 ശതമാനമായി കുറയ്ക്കാനാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിന്റെ ആകെ കയറ്റുമതിയുടെ 90 ശതമാനവും വസ്ത്രവ്യാപാരമാണ്. ഇന്ത്യയുമായുള്ള മത്സരത്തില്‍ വിപണി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈ തിടുക്കത്തിന് പിന്നില്‍.