സിപിഐഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ലോട്ടറി അടിച്ചതുപോലെ; വി ഡി സതീശന്‍

സിപിഐഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ലോട്ടറി അടിച്ചതുപോലെയെന്ന് വി ഡി സതീശന്‍. അഭിമന്യുവിന്റെയും വഞ്ചിയൂര്‍ വിഷ്ണുവിന്റെയും ഫണ്ട് അടിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പയ്യന്നൂരില്‍ പുതുയുഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ഇത്ര സന്തോഷം വേറെയില്ല. ലോട്ടറി അടിച്ച പോലെയാണ്. അവന്റെ പേരില്‍ ഫണ്ട് പിരിവാണ്. പയ്യന്നൂരില്‍ തുടങ്ങിയതല്ല അത്. അഭിമന്യുവിന്റെ കാര്യത്തില്‍ എന്താണുണ്ടായത്. വഞ്ചിയൂര്‍ വിഷ്ണുവിയും ഫണ്ട് അടിച്ചു മാറ്റി. സഹിക്കാന്‍ വയ്യാഞ്ഞിട്ട് വിഷ്ണുവിന്റെ കുടുംബം മുഴുവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ക് പൊട്ടിക്കൊണ്ട് ആ രക്തസാക്ഷിയുടെ സഹോദരന്‍ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണെന്ന് – വിഡി സതീശന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി കുടുംബങ്ങള്‍ പോലും വെറുക്കുന്ന നേതൃത്വമാണിന്ന് സിപിഐഎമ്മിനുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിച്ചോളാന്‍ ഞാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരോട് പറഞ്ഞു. എന്താ കാര്യം, അവര്‍ നമുക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത് എന്നതാണ്. ഇടതുപക്ഷം വന്നാല്‍ നാടിന് നല്ലത് വരുമെന്ന് വിചാരിച്ച ഇടതുപക്ഷ സഹയാത്രികരുണ്ട് അവരേ കണ്ടാല്‍ ചേര്‍ത്ത് പിടിച്ചോളൂ. അവര്‍ എല്ലാം നമ്മുടെ കൂടെയാണ് – വിഡി സതീശന്‍ പറഞ്ഞു.