മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം; സമസ്ത

മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത പ്രമേയം. കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറത്ത് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്ന് പ്രമേയത്തിൽ സമസ്ത ആവശ്യപ്പെട്ടു. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്നങ്ങളുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ശാസ്ത്രീയ പഠനങ്ങൾ നടത്തി ജില്ലാ – പുന: നിർണ്ണയം നടത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ വർധിച്ചുവരുന്ന ജനസംഖ്യയും ഭരണനിർവ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമായിരിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു. മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്നും പ്രമേയം.
പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യും. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർത്ഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത ആവശ്യപ്പെട്ടു.