സ്വര്‍ണക്കൊള്ള : ആന്റോ ആന്റണിയ്ക്കെതിരെ ഇ ഡി അന്വേഷണം; എംപിക്കെതിരെ എസ്ഐടിയും

കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളിലും ആന്റോ ആന്റണി ഒപ്പമുണ്ട്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ആന്റോ ആന്റണിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കില്‍ പണമിടപാടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

അതിനിടെ, നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പില്‍ ആന്റോ ആന്റണി എംപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇ ഡിയും അന്വേഷണം നടത്തും. സ്ഥാപന ഉടമ എന്‍ എം രാജു രണ്ടുകോടി രൂപ നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇ ഡി ഒരുങ്ങുന്നത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ എംപിക്ക് നോട്ടീസ് നല്‍കും. ആന്റോ ആന്റണിയ്ക്ക് ലഭിച്ചത് തട്ടിപ്പുപണമാണ് എന്ന വിലയിരുത്തലിലാണ് ഇ ഡി.

‘ആളുകളില്‍ നിന്ന് ഏറ്റവുമധികം പണം വാങ്ങുന്നത് ഏത് പാര്‍ട്ടിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം; എന്‍ എം രാജുവിനെ കുത്തിയിളക്കി വിട്ടു’
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പലതവണയായി ആന്റോ ആന്റണിക്ക് രണ്ടുകോടി രൂപ വായ്പ നല്‍കിയെന്നായിരുന്നു നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു കഴിഞ്ഞ ദിവസം ആരോപിച്ചത്. പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ ആന്റോ ആന്റണി മടക്കി നല്‍കിയില്ലെന്നും രാജു ആരോപിച്ചിരുന്നു. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും, നിക്ഷേപകരുടെ പണമാണ് നൽകിയതെന്നും എന്‍ എം രാജു വ്യക്തമാക്കിയിരുന്നു. കേസില്‍ എന്‍ എം രാജുവിന്റെയും കുടുംബത്തിന്റെയും 44 കോടി 50 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.