ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പിണറായി വിജയന്റെ മൊഴി എടുക്കണം; വിഡി സതീശന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശന്‍. എസ്‌ഐടിയില്‍ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ചോര്‍ത്തി നല്‍കി. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് വിഡി സതീശന്‍ പറഞ്ഞു. കൊടിമരത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കട്ടെയെന്ന് വിഡി സതീശന്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെ എതിര്‍ക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

ഇടതുമുന്നണി ശിഥിലമാകുന്നു. ഘടകകക്ഷികള്‍ക്ക് പരസ്പര വിശ്വാസമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവെക്കുകയാണെന്ന് അദേ?ശം പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിനൊപ്പമാണ്. സച്ചിദാനന്ദന്‍ അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ സഹായത്തിനായി ലിസ്റ്റ് തയ്യാറാക്കിയതില്‍ അപാകതയുണ്ടെന്ന് വിഡി സതീശന്‍ ആരോപിച്ചു. കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. തുടര്‍ ചികിത്സയ്ക്ക് സഹായമില്ല. ഞങ്ങള്‍ എല്ലാവരും സിഎംഡിആര്‍എഫില്‍ പണം കൊടുത്തിട്ടുണ്ട്. കൊടുക്കരുത് എന്നാരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു കാലത്ത് കള്ള പ്രചാരണം നടത്തുകയാണെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.