ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ കോടതി വിധി പറയും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം തേടി പ്രതി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യ ഹര്‍ജി നല്‍കിയത്. എസ്‌ഐടി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. ഇന്ന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാദം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും നാളെ ജാമ്യഹര്‍ജിയില്‍ വിധി പറയുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഗോവര്‍ധന്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ അയ്യപ്പ ഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ജാമ്യഹര്‍ജിയില്‍ ഗോവര്‍ധന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയെന്ന് ആരോപിച്ചാണ് കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ഇതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിന് ഇഡി സമന്‍സ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി.ശബരിമലയിലെ സ്വര്‍ണം ഉപയോ?ഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതില്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമന്‍സ് ജയറാമിന് ലഭിച്ചിരിക്കുന്നത്.