ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ്: പ്രധാന പോരാട്ടം ബി.എന്‍.പി-ജമാഅത്ത് സഖ്യങ്ങള്‍ക്കിടയില്‍

ധാക്ക: ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പോളിങ് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. 2024 ഓഗസ്റ്റില്‍ നടന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷേയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്.

പാര്‍ലമെന്റിലെ 300 സീറ്റുകളിലേക്കായി 1981 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി)യും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാര്‍ട്ടികളുടെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടം.

2024ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ നഹീദ് ഇസ്ലാം രൂപം നല്‍കിയ പുതിയ പാര്‍ട്ടിയായ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന സഖ്യത്തിലുണ്ട്. അതേസമയം, വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഷേയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നില്ല.

പൊതു തിരഞ്ഞെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ‘ജൂലൈ ചാര്‍ട്ടര്‍’ ഹിതപരിശോധനയും ഇന്ന് തന്നെ നടക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.