ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ വിഎന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ താന്‍ വിശദീകരിക്കേണ്ട കാര്യമില്ലെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും മറുപടിയില്‍ അവ്യക്തതയുണ്ട്. ദേവസ്വം ബോര്‍ഡ് മുന്‍കൂറായി അനുവദിച്ച തുക തിരിച്ചടച്ചെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. എന്നാല്‍, തുക തിരിച്ചടച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നല്‍കിയ മറുപടിയിലാണ് തുക തിരിച്ചടിച്ചതായി പറയുന്നത്.

ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ പണം കൊണ്ടല്ല, മറിച്ച് സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കുന്ന തുക കൊണ്ടാണ് എന്നായിരുന്നു ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ ആ കാലത്ത് പറഞ്ഞിരുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ തുക പൂര്‍ണമായും കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ പണം ദേവസ്വം ബോര്‍ഡിലേക്ക് തിരികെ വന്നിട്ടില്ല എന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായ മറുപടിയാണ് മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയത്. ഈ മറുപടികള്‍ തമ്മിലുള്ള വൈരുധ്യമാണ് ഇപ്പോള്‍ വിവാദമായത്.