തെളിവിന്‍റെ കണിക പോലുമില്ല, എന്നിട്ടും തന്ത്രിയെ ‘പെരുങ്കള്ളൻ’ എന്ന് വിളിച്ചു; തന്ത്രിക്കെതിരെ നടന്നത് പകപോക്കൽ : പി എസ് ശ്രീധരൻ പിള്ള

കോഴിക്കോട്: ശബരിമല തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് സി പി എം, സിപിഐ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ള ആരോപിച്ചു. തന്ത്രിയെ ‘പെരുങ്കള്ളൻ’ എന്ന് എം വി ഗോവിന്ദൻ വിശേഷിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി തന്നെ നിരീക്ഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2018 ൽ ശബരിമലയിലെ യുവതി പ്രവേശന സമയത്ത് താൻ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടയടച്ചതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. അന്ന് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ സംസ്ഥാനത്തെ ഒരു ഉന്നതൻ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. തന്ത്രിയെ 41 ദിവസം ജയിലിലിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.