ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റേത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. വിവരങ്ങള്‍ ചോര്‍ത്തിയത് സ്വകാര്യതയുടെ ലംഘനമാണ്. ഇങ്ങനെയെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണ് സുരക്ഷ?. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെയാണ് സ്വകാര്യ വിവരങ്ങള്‍ കിട്ടുന്നതെന്നും ഹൈക്കോടതി ചോദിച്ചു

സ്പാര്‍ക്കിലെ വിവരങ്ങള്‍ എങ്ങനെ കിട്ടി?. ഈ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുമോയെന്നും കോടതി ചോദിച്ചു. ഇത്തരത്തില്‍ വിവരങ്ങള്‍ എടുക്കരുതെന്ന് മുന്‍കാല ഉത്തരവുകളുണ്ട്. അതിന്റെ ലംഘനമുണ്ടായിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇനി ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നത് വിലക്കി. വിഷയത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം വിവരങ്ങള്‍ വ്യക്തമാക്കി നോട്ടീസിന് മറുപടി നല്‍കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ തന്നെ ഡാറ്റാ ലീക്കേജ് ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. വ്യക്തിഗത സ്വകാര്യവിവരങ്ങള്‍ ഉപയോഗിച്ചതില്‍ വ്യക്തമായ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന വാട്‌സ്ആപ്പ് നമ്പറില്‍ നിന്നാണ്, ബിസിനസ് അക്കൗണ്ടില്‍ നിന്നാണ് മെസ്സേജുകള്‍ വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സന്ദേശങ്ങള്‍ അയക്കുന്നത് എന്നുകൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രചാരണത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു