സർക്കാരിന് ആശ്വാസം ; നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ഡൽഹി : നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്.
ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ക്ഷേമപദ്ധതികൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്രദമായി എന്ന് വിവരശേഖരണം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വിവരശേഖരണം തടയാനാകില്ല
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെ എസ് യു നേതാക്കളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതി സർവേ തടഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് സർക്കാരിന് സർവേയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്. രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള വിവരശേഖരണം തടയാനാവില്ലെന്ന് കോടതി അടിവരയിട്ടു.