ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയെക്കൊണ്ട് കാല് തിരുമ്മിച്ചു; പ്രധാനാദ്ധ്യാപികയ്ക്ക് സസ്പെൻഷൻ

ലക്‌‌നൗ: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലാണ് സംഭവം. സ്കൂളിലെ പ്രധാനാദ്ധ്യാപിക മധു റായിക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ക്ലാസ് മുറിയിലെ തറയിൽ കിടന്ന് അദ്ധ്യാപിക മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കാണാം. ഈ സമയം യൂണിഫോം ധരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഇവർക്ക് മസാജ് ചെയ്തു കൊടുക്കുന്നുണ്ട്. മറ്റ് കുട്ടികൾ ബെഞ്ചുകളിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണ സംഘത്തെ അധികൃതർ സ്‌‌കൂളിലേക്ക് അയച്ചു.

ഇവർ സ്ഥിരമായി കുട്ടികളെക്കൊണ്ട് കാല് തിരുമ്മിക്കാറുണ്ടെന്ന് കുട്ടികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇവർക്കെതിരെ നടപടിയുണ്ടായത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ മധു റായ് നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് ഇവരുടെ വാദം.