‘കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട’; പാലോട് രവിക്കെതിരെ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പാലോട് രവിയെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററുകൾ. വാമനപുരം മണ്ഡലത്തിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.വാമനപുരം ഉൾപ്പെടെ തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥിയായി പാലോട് രവിയെ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട പാലോട് രവി വീട്ടിലിരിക്കട്ടെ, ജനഗണമംഗള രവിയെ നമ്മുടെ പെടലിയിൽ വയ്‌ക്കരുത്, ഇത്തവണ കോൺഗ്രസിന് എംഎൽഎയെ വേണമെന്ന് ആഗ്രഹമുണ്ട്, യുവത്വം നയിച്ചാൽ വിജയം ഉറപ്പ്, പണത്തിനും ഭീഷണിക്കും മുന്നിൽ നേതൃത്വം മുട്ടുമടക്കരുത്’, എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങൾ.

മൂന്നാമതും ഇടതുസർക്കാർ വരും കോൺഗ്രസ് എടുക്കാച്ചരക്കാകും എന്ന് പറഞ്ഞതിന്റെ പേരിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്‌ടപ്പെട്ട വ്യക്തിയാണ് പാലോട് രവി. മാത്രമല്ല, കോൺഗ്രസ് പരിപാടിക്കിടെ ദേശീയഗാനം തെറ്റിച്ച് പാടിയതും വലിയ വിവാദമായിരുന്നു. പാലോട് രവിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് വിവരം.