നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച്;കെ സുധാകരൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് മുൻ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരൻ. താൻ മത്സരിക്കുന്നത് കണ്ണൂർ ജില്ലയിലുടനീളം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം. തിങ്കളാഴ്‌ച രാഹുൽ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ഇക്കാര്യങ്ങൾ അറിയിച്ചേക്കും.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നയത്തിൽ ഇളവ് വേണമെന്ന ആവശ്യവും സുധാകരൻ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ച് കണ്ണൂരിൽ അനുയായികൾ പോസ്റ്ററുകൾ പതിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ വൈകാരികമായ പ്രതികരണങ്ങൾ ഉയർത്തുകയും ചെയ്‌തു. ഇത് കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.കെ സുധാകരനെ അനുനയിപ്പിക്കാൻ വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.
തിങ്കളാഴ്ച രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും നടത്തുന്ന കൂടിക്കാഴ്ചയിൽ സുധാകരൻ തന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കും. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയാണെങ്കിൽ, കണ്ണൂരിൽ സുധാകരൻ നിർദ്ദേശിക്കുന്ന മറ്റൊരാളെ പരിഗണിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാവുമോ എന്നും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്.
മറ്റന്നാൾ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തേക്കും.കെപിസിസി അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയപ്പോൾ സുധാകരൻ ചില ആവശ്യങ്ങൾ ഹൈക്കമാൻഡിന് മുമ്പിൽ വച്ചിരുന്നുവെന്നാണ് വിവരം. ഇത് അംഗീകരിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകിയതായും സൂചനയുണ്ട്. ഇതിൽ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നതായാണ് സൂചന.