‘യുവതീപ്രവേശനത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്, സർക്കാർ അതുതന്നെ നടപ്പിലാക്കണമെന്ന് ശാഠ്യമില്ല’

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും എന്നാൽ അതുതന്നെയാകണം സർക്കാർ നടപ്പിലാക്കേണ്ടതെന്ന ശാഠ്യമില്ലെന്നും സിപിഎം ജനറൽസെക്രട്ടറി എംഎ ബേബി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയാൻ കഴിയുന്ന പണ്ഡിതന്മാരും സാമൂഹികപരിഷ്കർത്താക്കളുമടങ്ങുന്ന വിദഗ്ദ്ധസംഘത്തിന്റെ നിർദേശമനുസരിച്ചാകും പാർട്ടി തീരുമാനമെടുക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അഭിപ്രായമുണ്ടാകും. എന്നാൽ എല്ലാ ഘടകങ്ങളെയും കണക്കിലെടുത്തുകൊണ്ട് സമൂഹത്തിൽ പൊതുവായൊരു അഭിപ്രായ സമന്വയമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടാണ് ഇത്തരം വിഷയങ്ങളിൽ പാർട്ടികൾ പ്രതികരിക്കേണ്ടത്. ഭരണഘടനയിൽ പറയുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ പേരിൽ സാമൂഹികസംഘർഷങ്ങൾ ഉണ്ടാകാൻ പാടില്ല’- എംഎ ബേബി പറഞ്ഞു.നിലപാടിൽ വെള്ളം ചേർക്കുകയാണെന്ന് മാദ്ധ്യമങ്ങൾക്ക് വേണമെങ്കിൽ പറയാം.
പക്ഷേ, ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കാൻ ശ്രമിച്ചത് സുപ്രീംകോടതിയുടെ തീരുമാനമായിരുന്നു. ആ തീരുമാനത്തെ സ്വാഗതം ചെയ്യാത്തതായി ഒരു രാഷ്ട്രീയപാർട്ടിയുമില്ല. ഇതൊക്കെ നമുക്ക് ഓർമയുള്ളതാണ്. പിന്നീട് പല രാഷ്ട്രീയപാർട്ടികളും നിലപാട് മാറ്റുകയായിരുന്നു. ഈ അനുഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുകയാണ്. നിലവിലെ സാമൂഹികാവസ്ഥയുടെ പശ്ചാത്തലത്തിലാകും തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു