അലുവ അതുലിന്റെ കൊലപാതകത്തിനു പിന്നിൽ ആ രണ്ടുപേർക്കു നേരെയുണ്ടായ ആക്രമണം; പൊലീസ് സൂചനകൾ ഇങ്ങനെ

കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നക്കേസിൽ മുഖ്യപ്രതിയുൾപ്പടെ എട്ട് പ്രതികളും പൊലീസിന്റെ പിടിയിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനായി വൻ ആസൂത്രണം നടന്നിട്ടുണ്ടെന്നും രണ്ട് കാറുകളിലായാണ് പ്രതികൾ അതുലിന്റെ നീക്കം നിരീക്ഷിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ജിം സന്തോഷ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട അലുവ അതുൽ മൂന്നുദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. എല്ലാ ശനിയാഴ്‌ചയും പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇന്നലെ ഒപ്പിട്ട ശേഷം മടങ്ങിയ അതുലിനെ രണ്ട് കാറുകളിലായി പ്രതികൾ പിന്തുടർന്നു. അതുൽ സഞ്ചരിച്ച വാഹനത്തിന് മുന്നിലായി ഇതിലൊരു കാർ പതിയെ ഓടിച്ച് വേഗത നിയന്ത്രിച്ചു. ശേഷം പിറകിൽ നിന്നും ഇന്നോവ കൊണ്ട് അതുലിന്റെ കാർ ഇടിച്ച് കുഴിയിലേക്കിട്ടു.

പിന്നാലെ വടിവാളുപയോഗിച്ച് കാറിന്റെ ചില്ലുതകർത്ത് ആക്രമിക്കുകയായിരുന്നു. നടുറോഡിൽ കാറിന് പുറത്തേക്ക് വലിച്ചിട്ട് അതുലിനെ തലങ്ങും വിലങ്ങും വെട്ടി. അതുലിനൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ മനു വെട്ടേറ്റെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട നാലുപ്രതികളെ ഇടുക്കി മുണ്ടക്കയത്തുനിന്നാണ് പിടികൂടിയത്. കോട്ടയം പൊലീസ് പിടിച്ച പ്രതികളെ കൊല്ലം പൊലീസിന് കൈമാറുകയായിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട എട്ട് പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.കുടത്തൂർ- വയനകം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഓച്ചിറയിലെ വയനകം ഗുണ്ടാസംഘത്തിലെ അംഗമാണ് അലുവ അതുൽ. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങുംവഴി അതുലും സംഘവും കുടത്തൂർ സംഘത്തിൽപ്പെട്ട രണ്ടുപേരെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അലുവ അതുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. അലുവ അതുലിന് വധഭീഷണിയുണ്ടെന്ന് ഇന്റലിജൻസും സ്‌പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നതായും വിവരമുണ്ട്.