ശബരിമല യുവതീപ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നില്ലെന്ന്;കെ സി വേണുഗോപാൽ

കൊച്ചി: ശബരിമല യുവതീപ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കൊച്ചിയില്‍ കെപിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ യുവതീ പ്രവേശനവുമായ ബന്ധപ്പെട്ടുനടന്ന ചൂടേറിയ ചര്‍ച്ച ഒരിക്കല്‍ക്കൂടി സിപിഎമ്മിന്റെ തനിനിറം പുറത്തുകൊണ്ടുവന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
പോസ്റ്റിന്റെ പൂർണരൂപംകൊച്ചിയില് കെപിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ ശബരിമലയിലെ യുവതീപ്രവേശനവുമായ ബന്ധപ്പെട്ട നടന്ന ചൂടേറിയ ചര്‍ച്ച ഒരിക്കല്‍ക്കൂടി സിപിഎമ്മിന്റെ തനിനിറം പുറത്തുകൊണ്ടുവന്നു. ശബരിമലയില്‍ യുവതീപ്രവേശനം വേണമോ, വേണ്ടയോ എന്നതാണ് കാതലായ ചോദ്യം.യുവതീപ്രവേശനം വേണമെന്നാണ് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ നിലപാട് ആവര്‍ത്തിച്ചത്.
എന്നാല്‍ ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിയോ, പ്രാസംഗികനായിരുന്ന മന്ത്രി കെ രാജനോ എന്തുകൊണ്ട് നിലപാട് വ്യക്തമാക്കിയില്ല? പ്രമുഖ നടന് വേദനിച്ചപ്പോള്‍ മാപ്പുപറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയതിന് മാപ്പുപറയുന്നില്ല? വിശ്വാസികളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കുന്നില്ല? അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുന്നില്ല?
യുവതീപ്രവേശനം വേണമെന്ന 2007ലെ വിഎസ് സര്‍ക്കാരിന്റെ സത്യവാങ്മുലം പൊടിപോലും തട്ടിക്കളയാതെ പിണറായി സര്‍ക്കാര്‍ 2016ലും സ്വീകരിച്ചു. ഇപ്പോള്‍ മതപണ്ഡിതരുടെ അഭിപ്രായം തേടി സുപ്രീംകോടതി തീരുമാനിക്കണം എന്നായി. യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം നടത്താമെന്ന വാദവും ഉന്നയിച്ചിട്ടുണ്ട്. യുവതീപ്രവേശനം വേണമോ വേണ്ടയോ എന്നതില്‍ ഉറച്ച നിലപാട് പരമോന്നത കോടതിയില്‍ പറഞ്ഞതുമില്ല.
യുവതീപ്രവേശനത്തോട് യോജിപ്പില്ലെന്നും ക്ഷേത്രാചാരങ്ങളെ സ്ത്രീസ്വാതന്ത്യവുമായി ചേര്‍ത്തുവയ്ക്കേണ്ടതില്ലെന്നുമുള്ള ദൃഢമായ നിലപാട് ഞാന്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. അങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ഞാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യന്ത്രിയില്‍ നിന്ന് യേസ് അല്ലെങ്കില്‍ നോ എന്ന മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്. മറുപടി ഇല്ലെങ്കില്‍ ആചാരാനുഷ്ടാനങ്ങള്‍ക്ക് പുല്ലുവില നല്കുന്നവരേയും അയ്യപ്പന്റെ സ്വര്‍ണം കട്ടവരേയും ജനങ്ങളുടെ കോടതി വിചാരണ ചെയ്യുക തന്നെ ചെയ്യും.